Saturday, 16 January 2016

പെരുങ്കളിയാട്ടം
മുച്ചിലോട്ടുകാവുകളിലെ കളിയാട്ടവും പെരുങ്കളിയാട്ടവും ഒരു നാടു മുഴവന്‍ ഏറ്റെടുത്തുനടത്തുന്ന ഉത്സവമാണ്, അതുകൊണ്ടുതന്നെ മുച്ചിലോട്ടു ഭഗവതി വാണിയ സമുദായക്കാരുടെ മാത്രമല്ല ആ ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളിലെയും ആരാധ്യദേവതയാണ്. മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നു പറയപ്പെടുന്നു. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സര്‍വാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം.12 വര്‍ഷം കൂടുമ്പോഴാണ് പെരുംങ്കളിയാട്ടം നടത്തുന്നത്. സാധാരണയായി വര്‍ഷത്തിലൊരിക്കല്‍ ‘തക്കുറി’ (നിശ്ചിതതീയ്യതിക്ക്) യായാണ് കളിയാട്ടം നടക്കുക. എന്നാല്‍ പ്രധാനപ്പെട്ട ചില മുച്ചിലോട്ടുകാവുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ഭാടപൂര്‍വ്വം സംഘടിപ്പിക്കുന്ന കളിയാട്ടം എന്നര്‍ത്ഥത്തില്‍ ആണ് ‘പെരുങ്കളിയാട്ടം’ മെന്ന് പറയുന്നുമുണ്ട്.
മുഖ്യ സംഘാടകര്‍ വാണിയ സമുദായമാണെങ്കിലും ഒരു പ്രദേശത്തിന്റെ സാമൂഹികമായ ഒത്തുചേരല്‍കൂടിയാണ് പെരുങ്കളിയാട്ടം. എല്ലാ ജാതിക്കാര്‍ക്കും ഓരോരോ ചടങ്ങുകളില്‍ പ്രാധാന്യമുണ്ട്. ബ്രാഹ്മണര്‍ (താന്ത്രിക കര്‍മ്മം), നായന്മാര്‍ (തറയിലച്ഛന്‍മാര്‍/ ഊരാളന്മാര്‍), തീയ്യര്‍ (കലശം വെക്കല്‍, മുറ്റം ചെത്തിക്കോരി വൃത്തിയാക്കല്‍, മേലേരിക്കുള്ള വിറക് ഒരുക്കലും മേലേരി തയ്യാറാക്കലും, കുരുത്തോല, ഓലച്ചൂട്ട് തയ്യാറാക്കലും), വണ്ണാന്മാര്‍ (അനുഷ്ഠാനങ്ങള്‍ കയ്യാളുന്നവര്‍ക്കുള്ള വസ്ത്രം അലക്കിനല്‍കല്‍), ആശാരി (നാള്‍മരം മുറിക്കല്‍), കൊല്ലന്‍ (ആയുധം കടയല്‍), പുലയന്‍ (അടിയന്തിരത്തിനുള്ള പായ നല്‍കല്‍), നാദിയന്‍ (അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷൗരം നിര്‍വ്വഹിക്കല്‍) എന്നിങ്ങനെ എല്ലാ വിഭാഗത്തിനും പെരുങ്കളിയാട്ടത്തില്‍ പങ്കാളിത്തമുണ്ട്. നാലു ദിവസമായാണ് പെരുങ്കളിയാട്ടം നടക്കുന്നത്. അതിനുള്ള ഒരുക്കം മൂന്നോ നാലോമാസം മുന്‍പുതന്നെ ആരംഭിക്കും. തെയ്യങ്ങള്‍ കെട്ടുന്നത് പ്രധാനമായും രണ്ടു ജാതിയില്‍ പെട്ടവരാണ്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുതിയ ഭഗവതി, പുള്ളൂറുകാളി തുടങ്ങിയ തെയ്യങ്ങള്‍ വണ്ണാന്മാരും ഗുളികന്‍, മടേച്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയവ മലയന്മാരും കെട്ടുന്നു. കുണ്ടോര്‍ചാമുണ്ഡി, കുറത്തി എന്നിവയുണ്ടെങ്കില്‍ വേലന്മാര്‍/കോപ്പാളരാണ് അവതരിപ്പിക്കുന്നത്.
നാലുദിവസമായി നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണിക്കിനാളുകള്‍ പങ്കെടുക്കുന്നു. ഭക്തിയോടുകൂടി തെയ്യങ്ങളുടെ അരുളിപ്പാട് കേള്‍ക്കാനും ആശ്വാസം നേടാനുമായി എത്തുന്നവരുമുണ്ട്. മറുനാടുകളില്‍ ജോലിചെയ്യുന്നവര്‍, ഏത് ജാതിക്കാരും ആകട്ടെ ഗൃഹാതുരതയോടെ അവിടെ എത്തുന്നു. സ്വന്തം ഗ്രാമത്തിന്റെ, സ്വത്വത്തിന്റെ ഭാഗമാണ് കാവും അവിടുത്തെ കളിയാട്ടവും എന്നുകരുതിയെത്തുന്നവരും കുറവല്ല. ഇങ്ങനെ മതാതീതമായ ഒരു വലിയ സംഗമ വേദിയായി പെരുങ്കളിയാട്ടം മാറുന്നു. നമ്മുടെയൊപ്പം ജീവിച്ച്, കൊലചെയ്യപ്പെട്ടവരോ ആത്മാഹൂതി ചെയ്തവരോ ആണ് തെയ്യങ്ങളില്‍ ഒരു വലിയ വിഭാഗം. മൃഗങ്ങള്‍ക്കുപോലും മനുഷ്യരുടെ ഭാവം നല്‍കി തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടവയും ഉണ്ട്. മുച്ചിലോട്ടു ഭഗവതിയും മനുഷ്യസ്പര്‍ശമുള്ള ദേവതയാണ്. ശിവന്റെ മകളാണെന്ന് പില്‍ക്കാലത്ത് വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. അലൗകിക സ്പര്‍ശമല്ല, ഭൂമിയുടെയും മാനുഷികതയുടെയും സ്പര്‍ശമാണ് തെയ്യത്തില്‍ പ്രകടമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് സൂമൂഹികമായ ഒത്തുചേരലിന്റെ വേദിയായി പെരുങ്കളിയാട്ടങ്ങള്‍ മാറുന്നതും ലക്ഷങ്ങള്‍ പങ്കാളികളാകുന്നതും.
മുച്ചിലോട്ടു കാവുകള്‍
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലായി 113 മുച്ചിലോട്ടുകാവുകളുണ്ട്.
കണ്ണൂര്‍ജില്ല
1. കരിവെള്ളൂര്‍ 2. പയ്യന്നൂര്‍ 3. തായിനേരി 4. കാറമേല്‍ 5. കോറോം 6. കടന്നപ്പള്ളി 7. മാതമംഗലം 8. വെങ്ങര 9. കുഞ്ഞിമംഗലം 10. വെള്ളോറ 11. കൊട്ടില 12. രാമന്തളി 13. എരമം 14. കുന്നരിക്ക 15. പുതിയങ്കാവ് 16. ആറ്റടപ്പ 17. നാറാത്ത് 18. തലക്കോട് (മയ്യില്‍) 19. വളപട്ടണം 20. കൊളങ്ങര പുതിയകാവ് (കുറ്റിയാട്ടൂര്‍) 21. ചുഴലി 22. പരിപ്പായി 23. കുറമാത്തൂര്‍ 24. മുയിപ്ര 25. കല്യാട് (ഇരിക്കൂര്‍) 26. നമ്പ്രം 27. കീഴാറ്റൂര്‍ (തളിപ്പറമ്പ്) 28. മുയ്യം 29. കിഴുന്ന 30. അതിയടം 31. കോക്കാട് 32. ചൂളിയാട് 33. കോടാപ്പറമ്പില്‍ 34. പടിയൂര്‍ 35. പണ്ട്യാശ്ശരി 36. കോലാവ് 37. നമ്പുള്ളി (കൊളശ്ശേരി) 38. കണ്ടനാര്‍ പുതിയകാവ് (മേലൂര്‍) 39. കടമ്പൂര്‍ 40. കുന്നാവ് 41. തലോറ 42. കൂവേരി 43. കല്യാട് 44. ആറളം 45. മീത്തിലെ പുന്നാട് 46. കാക്കടവത്ത് 47. മലിതവളപ്പില്‍ (ഉളിയില്‍) 48. കൂടാളി 49. തെരൂര്‍ (എടയന്നൂര്‍) 50. വെളുത്ത കുന്നത്ത് 51. കവിണിശ്ശേരി 52. അരികുളങ്ങര 53. വെള്ളാവ് 54. നെട്ടൂര്‍ നമ്പള്ളി 55. തുണ്ടിയില്‍ 56. മൊടപത്തൂര്‍ (ചിറ്റാരിപ്പറമ്പ്) 57. പന്തിലാംപിലാക്കൂല്‍ (മാലൂര്‍) 58. മട്ടന്നൂര്‍ 59. നെല്ലൂന്നിവട്ടപ്പൊയില്‍ 60. മടത്തേര 61. പുതിയാപറമ്പത്ത് 62. കല്ലൂര്‍ 63. മേറ്റടി 64. കക്കോടത്ത് 65. മരുതായി 66. പഴയടത്ത് (വേങ്ങാട്) 67. പൊന്ന്യം 68. കാശിമുക്ക് 69. പിണറായി 70. ചെറുവാഞ്ചേരി 71. പെരുവ(കണ്ണവം) 72. വേങ്ങക്കണ്ടി (മാലൂര്‍) 73. കാവുംപടി (തില്ലങ്കേരി) 74. ഇല്ലംമൂല 75. നെല്യാട് 76. ചാവശ്ശേരി 77. വെളിയാമ്പ്ര 78. കാഞ്ഞിലേരി 79. കാഞ്ഞിരോട് 80. മാവിലാചാല്‍ (ഏച്ചൂര്‍) 81. കൊടോളിപ്രം 82. ഇടക്കേപ്രം 83. നെരുവമ്പായി 84. കുറ്റ്യേരി 85. കൈതേരി 86. വാളോറ 87. വട്ടാക്കല്‍ (കല്യാശ്ശേരി) 88. എളമ്പാറ 89. കൊല്ലുംപാറ 90. അണിയേരി 91. മയ്യില്‍ 92. കോടിയേരി 93. നിടുമ്പ്രം (ചൊക്ലി) 94. പയ്യഞ്ചേരി 95. മടത്തുംപടി 96. കോളയാട് 97. പാനൂര്‍ 98. കോയിലോട് (ഏഴോം) 99. പാതിരിയാട് 100. കുമ്മാനം 101. പടിക്കച്ചാല്‍ 102. ശിവപുരം 103. നീര്‍വേലി
കാസര്‍ഗോഡ് ജില്ല
104. പെരുതണ (പെര്‍ണ) 105. കരിപ്പോടി (കോട്ടിക്കുളം) 106. കല്യാല്‍ (കാഞ്ഞങ്ങാട്) 107. പുതുക്കൈ (നീലേശ്വരം) 108. കിണാവൂര്‍ 109. ചെറുവത്തൂര്‍ 110. ക്ലായിക്കോട് 111. ചന്തേര 112. തെക്കുമ്പാട്
കോഴിക്കോട് ജില്ല
113. വൈക്കലശ്ശേരി (നാദാപുരം)

No comments:

Post a Comment